ഏത്തം
( Malayalam version of the Article Counterpoise lift )
Scoop irrigation
അറബി ഭാഷയില്‍ ഷാഡൂഫ് എന്നും ഹിന്ദിയില്‍ ഡെങ്ക്‌ലി എന്നും അറിയപ്പെടുന്ന ഏത്തം മരം കൊണ്ടുള്ള ജലസേചനയന്ത്രമാണ്. കിണറുകളില്‍ നിന്നും, തോടുകളില്‍ നിന്നും വെള്ളം മുകളിലേക്ക് ഉയര്‍ത്തി പാടങ്ങളില്‍ ജലസേചനം ചെയ്യാനുപയോഗിച്ചിരുന്ന സംവിധാനം. മരം കൊണ്ടുള്ള നീളമുള്ള ഒരു തണ്ടിന്റെ ഒരറ്റത്ത് കല്ലോ മണ്ണോ ഭാരമായി തൂക്കിയിട്ടിരിക്കും. മറ്റേ അറ്റത്ത് തൊട്ടി താഴേക്ക് ഇറക്കുന്നതിനായി നീളമുള്ള മുളയോ കമ്പോ ഉപയോഗിക്കുന്നു. ഒരറ്റത്ത് തൊട്ടി കെട്ടിയ മുളവടിയുടെ മുകളറ്റം മരം കൊണ്ടുള്ള തണ്ടുമായി കയറു കൊണ്ട് ബന്ധിച്ചിരിക്കും. വെള്ളം നിറച്ച തൊട്ടി മുകളിലെത്തുമ്പോള്‍ കാലു കൊണ്ട് ഒരു വശത്തേക്ക് ചരിച്ചാണ് വെള്ളം പുറത്തേക്കൊഴുക്കുക. രണ്ടോ മൂന്നോ മീറ്റര്‍ വരെ ആഴമുള്ള കിണറുകളില്‍ നിന്നും മണിക്കൂറില്‍ 2000 ലിറ്റര്‍ വരെ വെള്ളം ഏത്തം ഉപയോഗിച്ച് തേവാനാകും.
പശ്ചിമബംഗാളിലും അയല്‍ സംസ്ഥാനങ്ങളിലും ഉപയോഗിച്ചിരുന്ന ഡോണ്‍ എന്ന ജലസേചന യന്ത്രം ഏത്തത്തിന്റെ മറ്റൊരു രൂപമാണ്. തോണിയുടെ ആകൃതിയില്‍ ഒരു ഭാഗം മൂടിക്കെട്ടി മറുഭാഗം തുറന്നിരിക്കുന്ന വെള്ളത്തൊട്ടിയാണ് ഡോണില്‍ ഉപയോഗിക്കുന്നത്. മരവും നാകം പൂശിയ ലോഹത്തകിടുകളും കൊണ്ടാണ് ഈ വെള്ളത്തൊട്ടി നിര്‍മ്മിക്കുന്നത്. ഇളകാതെ പ്രതിഷ്ഠിതമായ കേന്ദ്രത്തിലൂന്നി ഇരു വശങ്ങളിലേക്കും വെള്ളത്തൊട്ടി ആന്ദോളനം ചെയ്യുമ്പോള്‍ വെള്ളത്തൊട്ടിയുടെ തുറന്ന ഭാഗത്തു കൂടെ വെള്ളം പുറത്തേക്കു പ്രവഹിക്കും.
ഇന്ത്യയില്‍ ഉപയോഗിച്ചിരുന്ന പൈ കോട്ട എന്ന ജലസേചനയന്ത്രം ഷാഡൂഫിനോടു സാദൃശ്യം പുലര്‍ത്തുന്ന സംവിധാനമാണ്. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ രണ്ടു പേര്‍ ആവശ്യമാണ്. 5 മുതല്‍ 8 മീറ്റര്‍ വരെ ഉയരത്തിലേക്ക് വെള്ളം എത്തിക്കാന്‍ കഴിയുമെങ്കിലും താരതമ്യേന വളരെ കുറച്ച് വെള്ളം മാത്രമേ ഇതു വഴി ജലസേചനത്തിനായി ലഭിക്കുകയുള്ളു. ചെറിയ തോതിലുള്ള പച്ചക്കറി കൃഷികള്‍ക്കാണ് ഈ സംവിധാനം പ്രധാനമായും ഉപയോഗിച്ചിരുന്നത്.
ഗുണദോഷങ്ങള്‍
ഹാന്‍ഡ് പമ്പുകളെ അപേക്ഷിച്ച് ഏത്തത്തിന്റെ ഭാഗങ്ങള്‍ പ്രാദേശികമായി കുറഞ്ഞ ചെലവില്‍ തന്നെ നിര്‍മ്മിക്കാനാകുമെന്ന സൗകര്യമുണ്ട്. അവികസിത രാഷ്ട്രങ്ങളിലെ ഗ്രാമപ്രദേശങ്ങളില്‍ ഹാന്‍ഡ് പമ്പുകളുടെ യന്ത്രഭാഗങ്ങള്‍ ലഭിക്കാന്‍ പ്രയാസമാണ്. 1
ഈജിപ്ത്, നൈജീരിയ, സതേണ്‍ നൈജര്‍, ചാഡ് എന്നീ നാടുകളില്‍ ഇപ്പോഴും ജലസേചനത്തിന് ഏത്തം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
സൗകര്യങ്ങള്‍ | അസൗകര്യങ്ങള്‍ |
---|---|
- താരതമ്യേന ചെലവു കുറഞ്ഞ നിര്‍മ്മാണ രീതി. - ഉപയോഗിക്കാനെളുപ്പം |
- നാല് മീറ്ററിലും ആഴം കുറഞ്ഞ കിണറുകളിലേ ഉപയോഗിക്കാനാകൂ - ജലലഭ്യത കുറവായതിനാല്‍ ചെറിയ പാടങ്ങളിലേ ഉപയോഗിക്കാനാകൂ |
നിര്‍മ്മാണ ചെലവ്
ആഫ്രിക്കയിലെ ചാഡില്‍ ഒരു ഏത്തം നിര്‍മ്മിക്കാന്‍ വേണ്ടുന്ന ഏകദേശ ചെലവ് 40 ഡോളറാണ്. (ഏകദേശം 2,400 രൂപ)
അവലംബം
- ↑ 4. POWER FOR PUMPING, FAO.
Acknowledgements
- Water lifting devices. Agricoop.nic.in
- Food from Dryland Gardens - An Ecological, Nutritional, and Social Approach to Small Scale Household Food Production. CPFE, 1991.
- Program on Farmer-Managed Irrigation Systems and Support Services. International Fund for Agricultural Development and the Bundesministerium fur Wirtschaftliche Zusammenarbeit und Entwicklung (BMZ) Government of the Federal Republic of Germany. October 1994. By the International Irrigation Management institute. Colombo, Sri Lanka.
- Jane Olley. HUMAN & ANIMAL POWERED WATER-LIFTING DEVICES FOR IRRIGATION. Practical Action. November, 2008.